ചരിത്രം

ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

രാജ്യത്തിനാവശ്യമായ അരിയില്‍ നല്ലൊരുപങ്കും സംഭരിക്കുന്ന സ്ഥലമെന്ന നിലയില്‍ അരിപ്പാടെന്ന് പേരുണ്ടായ്യെന്നും അതല്ലാ, ഹരിതഗീതപുരമെന്നതിന്റെ മലയാളപ്രയോഗമാണ് ഹരിപ്പാട് എന്നുള്ള പക്ഷവും നിലവിലുണ്ട്. ഹരിശബ്ദത്തിന് സുബ്രഹ്മണ്യന്‍ എന്ന് അര്‍ത്ഥമില്ലെങ്കിലും വിഷ്ണുവിനെ സുബ്രഹ്മണ്യന്‍ എന്ന് സംബോധനചെയ്യുന്നതില്‍ തെറ്റില്ലായെന്ന് ശാസ്ത്രവിധി കാണുന്നു. ഒരു വര്‍ഷം കൊടിയേറി മൂന്ന് ഉത്സവങ്ങള്‍ നടക്കുന്ന രണ്ടു ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഭാരതത്തിലെ നാഗാരാധനാകേന്ദ്രങ്ങളില്‍ പ്രസിദ്ധമായ മണ്ണാറശാല നാഗരാജക്ഷേത്രവുമുള്‍പ്പെടെ ഹരിപ്പാട്ട് വിവിധ മതസ്ഥരുടെ 25-ല്‍പരം ആരാധനാലയങ്ങളുണ്ട്. കായംകുളം കായലില്‍ ഇന്ന് കണ്ടല്ലൂര്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് നിന്നും വള്ളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവരപ്പെട്ട സുബ്രഹ്മണ്യവിഗ്രഹത്തിന്റെ ആഘോഷയാത്രയുടെ സ്മരണ പുതുക്കുന്ന ജലോല്‍സവമാണ് വിദേശികളെത്തന്നെ ആകര്‍ഷിക്കുന്ന പായിപ്പാട് ജലോത്സവം. വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഹരിപ്പാടിന്റെ കിഴക്കേ അതിര്‍ത്തിയിലുള്ള നെല്‍പ്പുര കടവില്‍ വന്ന് അരനാഴികനേരം വിശ്രമിച്ചതിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് ഇവിടെ അരനാഴികക്ഷേത്രം എന്ന പേരില്‍ ഒരു ആരാധനാലയമുണ്ട്. ആരാധനാലയങ്ങളുടെ വലിപ്പവും, ജനവിശ്വാസവും, പ്രാധാന്യവും, എണ്ണവും കണക്കിലെടുത്ത് ക്ഷേത്രനഗരമെന്ന് ഈ ഗ്രാമത്തെ വിളിക്കാം. ഹരിപ്പാട് സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് മുനിസിപ്പാലിറ്റി ആയിരുന്നു. നികുതി ദുര്‍വ്വഹമാണെന്ന് കാണിച്ച് തിരുവിതാംകൂര്‍ മഹാരാജാവിന് നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മുനിസിപ്പല്‍ പ്രദേശം കണ്‍സര്‍വന്‍സി ടൌണായി മാറ്റി. ആഞ്ഞിലിമൂടുവരെയും വടക്ക് കാരിച്ചാല്‍ മുതല്‍ തെക്ക് കാര്‍ത്തികപ്പള്ളി ജംഗ്ഷന്‍ വരെയുമായിരുന്നു കണ്‍സര്‍വന്‍സി ടൌണ്‍ പ്രദേശം. ഇതില്‍ നിന്നും പള്ളിപ്പാട്, വീയപുരം എന്നീ രണ്ടു വില്ലേജുയൂണിയനുകള്‍ പിന്നീടുണ്ടായി. കിഴക്കേക്കര, ഹരിപ്പാട് വില്ലേജുകള്‍ ഒന്നിച്ച് ചേര്‍ത്ത് ഹരിപ്പാട് പഞ്ചായത്ത് രൂപികൃതമായി. ആദ്യപ്രസിഡന്റായി മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന്‍ നമ്പൂതിരി അവരോധിക്കപ്പെട്ടു. ചെറുതോടുകളും വയലുകളും പാലങ്ങളും പുഴകളും സസ്യവിളകളും നാണ്യവിളകളും കാവുകളും കുളങ്ങളും നാഷണല്‍ ഹൈവേയും പൂഴിമണല്‍ വീഥികളും ഈ നാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. 64-കലകളിലും പുകള്‍പെറ്റ കലാകാരന്‍മാരുടെ ചരിത്രപാരമ്പര്യം ഈ നാടിനെ ധന്യമാക്കുന്നു. കലാകേരളത്തിന് ഹരിപ്പാടിന്റെ സംഭാവന വളരെ വലുതാണ്. സംഗീത ചക്രവര്‍ത്തി സ്വാതിതിരുനാളിന്റെ ഗുരു ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ളവാര്യരും, വന്‍ശിഷ്യസമ്പത്തിന്റെ ഉടമയായ രാമന്‍കുട്ടിഭാഗവതരും, മലബാര്‍ ഗോപാലന്‍നായരും, സംഗീതവിദുഷി കമലാക്ഷിയമ്മയും, ഹരിപ്പാട് ഗോപിനാഥും, പതിനെട്ടില്‍പരം ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന ശേഷാദ്രി അയ്യരും, ഹരികഥയില്‍ നിന്നും കഥാപ്രസംഗകലയെ വാര്‍ത്തെടുത്ത കെ.ആര്‍.ഹരിപ്പാടും ഒക്കെത്തന്ന ഹരിപ്പാടിനെ ലോകത്തിനു മുന്‍പില്‍ പ്രശസ്തമാക്കിയവരായിരുന്നു. ഇന്നും കലാ-സാംസ്കാരികരംഗത്ത് സമുന്നതരുടെ സാന്നിധ്യം കൊണ്ട് ഹരിപ്പാട് മുന്‍നിരയില്‍ വീരാജിക്കുന്നു. പണ്ടുകാലത്ത് ജനസംഖ്യയില്‍ നല്ലൊരുപങ്കും ബ്രാഹ്മണരും അമ്പലവാസിവിഭാഗങ്ങളും മറ്റ് ഇതര ഹിന്ദുവിഭാഗങ്ങളുമായിരുന്നു. രാജഭരണകാലത്ത് ബ്രാഹ്മണസദ്യക്കായി ഹരിപ്പാട് ക്ഷേത്രത്തില്‍ പണികഴിപ്പിക്കപ്പെട്ട ഊട്ടുപുരയും, (ഇന്നത്തെ സദ്യാലയം) മാളികയും അതിനു ദൃഷ്ടാന്തമായി ഇന്നും നിലനില്‍ക്കുന്നു. കേരളത്തെ ഒരു കാലത്ത് ഗ്രസിച്ചിരുന്ന അയിത്തത്തില്‍ നിന്നും ഇവിടവും മുക്തമായിരുന്നില്ല. എന്നാല്‍ അയിത്തം കൊടികുത്തി വാഴുമ്പോഴും അതിനെതിരെ പ്രവര്‍ത്തിച്ച മാധവന്‍ വക്കീലിനേപ്പോലുള്ള ഉല്‍പതിഷ്ണുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രത്തിന് പടിഞ്ഞാറേനടയില്‍ ക്ഷേത്രസങ്കേതത്തില്‍ ബ്രാഹ്മണസമൂഹത്തുംമഠം (സമൂഹത്തുംമഠം) വകയായി ഷണ്‍മുഖവിലാസം ഹൈസ്കൂള്‍ നടത്തിവന്നിരുന്നു. വിദ്യാലയം ക്ഷേത്രസങ്കേതത്തിലാകയാല്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രവേശനം അനിവദിച്ചിരുന്നില്ല. ഹരിപ്പാട് ഗവ.ഹൈസ്കൂള്‍(ബി.എച്ച്.എസ്) സ്ഥാപിച്ചതോടെയാണ് ഈ ദുര്‍സ്ഥിതിക്ക് ഒരു പരിഹാരമുണ്ടാവുന്നത്. മണ്ണാറശാല സംസ്കൃത സ്കൂള്‍, ആയൂര്‍വ്വേദ കോളേജ് ഇവയെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. കൊട്ടാരങ്ങളും കോവിലുകളുംകൊണ്ട് അലംകൃതമാണ് ഈ പ്രദേശം.

ഭൂപ്രകൃതിയും വിഭവങ്ങളും

വടക്കുഭാഗത്ത് വീയപുരം, ചെറുതന എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി താലൂക്കും, കിഴക്കുഭാഗത്ത് പള്ളിപ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമാരപുരം പഞ്ചായത്തും അതിര്‍ത്തികള്‍ പങ്കു വയ്ക്കുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റി  ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലാണ് ഉള്‍പ്പെടുന്നത്. ഭൂപ്രകൃതിപരമായി ഈ പ്രദേശം കിഴക്കു നിന്നും പടിഞ്ഞാറോട്ട് ചരിവായി കിടക്കുന്നു. ഈ മുനിസിപ്പാലിറ്റി 29 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനവും ഇതുതന്നെയാണ്. മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ നിന്നും 10 കിലോമീറ്ററും, കായംകുളം മുനിസിപ്പാലിറ്റിയില്‍ നിന്നും 13 കിലോമീറ്ററും അകലെയാണ് ഹരിപ്പാട് മുനിസിപ്പാലിറ്റിയുടെ സ്ഥാനം. നെല്ല്, തെങ്ങ്, കമുക്, മരച്ചീനി, എള്ള് തുടങ്ങിയ ധാന്യവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മുതലായവയാണ് ഇവിടുത്തെ പ്രധാന കൃഷി. ഇടവിളകളായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ മുതലായവ കൃഷി ചെയ്യുന്നു. തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇടവപ്പാതിയില്‍ കൂടുതല്‍ മഴ ലഭിക്കുന്നുണ്ട്. ശരാശരി വര്‍ഷത്തില്‍ ഏഴുമാസക്കാലം മഴയുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ മാസങ്ങളില്‍ നാമമാത്രമായ ഇടമഴകളും ലഭിക്കുന്നു. ഈ പ്രദേശം ഓണാട്ടുകര കാര്‍ഷികവസ്ഥാമേഖലയില്‍ പെട്ടതാണ്. ഇവിടം താഴ്ന്നപ്രദേശം(ലോ ലാന്റ്) എന്ന വിഭാഗത്തിലാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കറുപ്പു കലര്‍ന്ന മണ്ണും പുഞ്ചപ്രദേശങ്ങളില്‍ ചെളിമണ്ണും കാണപ്പെടുന്നു. ഭൂമിശാസ്ത്രപരമായി പരിശോധിച്ചാല്‍ പൊതുവെ സമതല തീരപ്രദേശമാണ്. പണ്ടുകാലത്ത് കൃഷിക്കാരന്‍ ജന്മിമാരില്‍ നിന്നും കൃഷിഭൂമി പാട്ടത്തിന് വാങ്ങി കൃഷി ചെയ്തിരുന്നു. കൃഷി നാശം സംഭവിച്ചാലും ഇല്ലെങ്കിലും കുടിയാന്‍ പാട്ടം നല്‍കുക എന്നത് അക്കാലത്ത് നിര്‍ബന്ധമായിരുന്നു. 90% ശതമാനം ഭൂമിയും അമ്പലപ്പുഴ-പുറക്കാട് ദേവസ്വവും, സെമിനാരിപ്പള്ളി തുടങ്ങിയ സ്വരൂപങ്ങള്‍വകയും, മണ്ണാറശാല, പുത്തില്‍ ഇല്ലം, ചെങ്ങരപ്പള്ളിമഠം, കരങ്ങാമഠം, രാമന്‍പോറ്റിമഠം, താഴൂര്‍മഠം, കരാടംപള്ളില്‍, വട്ടശ്ശേരില്‍, കൊല്ലംപറമ്പ്, ആമ്പക്കാട്, മൂശാരിത്ത്, എഴിക്കകത്ത്, മുലപ്പള്ളില്‍, പോരത്ത്, കാവിന്റെ വടക്കേതില്‍ പടീറ്റതില്‍, അമ്പിപറത്ത്, കണ്ണന്താനം, മടവൂര്‍ തുടങ്ങിയ തറവാട്ടുകാരുടെയും വകയായിരുന്നു. തെങ്ങ്, മാവ്, പ്ളാവ്, കമുക്, വാഴ, കശുമാവ് തുടങ്ങിയ മറ്റു പലവിധമായ ഫലവൃക്ഷങ്ങളും ചീനി, ചേമ്പ്, ചേന, കാച്ചില്‍, കിഴങ്ങ് തുടങ്ങി കിഴങ്ങുവര്‍ഗ്ഗങ്ങളായ കരകൃഷികളും ഓണാട്ടുകരയുടെ ഭാഗംകൂടിയായ ഈ പ്രദേശത്ത് കൃഷി ചെയ്തുവരുന്നു. ഈ പ്രദേശത്ത് ഇരിപ്പുനിലങ്ങളില്‍ നെല്‍കൃഷിയും അതിനുശേഷം എള്ള്, മുതിര, എന്നിവയും കൃഷി ചെയ്തുവന്നിരുന്നു. പമ്പാനദിയുടെയും, അച്ചന്‍കോവിലാറിന്റേയും, കൈവഴിത്തോടുകളുടെയും ഇടയില്‍ കിടക്കുന്ന വഴുതാനം വടക്കുതെക്ക്, കാരകണ്ടം ഉതളക്കുഴി, ചങ്ങനാറി, പാപ്പാട്, കാലാറ്റിന്‍കരി, കോംകേരി, അമ്പിക്കണ്ണരി, പറമ്പിക്കേരി, ചേക്കാമായിക്കേരി, നക്രക്കാല്‍, തായംകേരി, സങ്കേരത്തില്‍പറമ്പ്, കിഴക്കേപറമ്പിക്കേരിതുരുത്ത്, തൊണ്ണൂറില്‍പടവ്, വലിയവേശി, കോയിക്കാരി, കണ്ണാട്ടുവിള തുടങ്ങിയ വിശ്രുതങ്ങളും വിശാലങ്ങളുമായ പുഞ്ചപ്പാടങ്ങള്‍ കൊണ്ട് സമൃദ്ധമായ കാര്‍ഷികഗ്രാമമാണ് ഹരിപ്പാട്.

അടിസ്ഥാനമേഖലകള്‍

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശയില്‍ രൂപംകൊണ്ട വിദ്യാഭ്യാസസ്ഥാപനം മലയാളം പള്ളിക്കൂടം എന്നറിയപ്പെടുന്ന ഗവണ്‍മെന്റ് യു.പി.സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു. സംഭാവന ചെയ്യപ്പെട്ട സ്ഥലവും പതിനായിരം രൂപയും ഉപയോഗിച്ച് ഗവണ്‍മെന്റ് ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ ബോയ്സ് ഹൈസ്കൂളായി പ്രവര്‍ത്തിക്കുന്നത്. കാലാന്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യവും നിലവിലുള്ള സ്കൂളിലെ ഭൌതികസാഹചര്യങ്ങളുടെ അപര്യാപ്തതയുംമൂലം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് മുന്‍വശത്തായി ഒരു പുതിയ ഹൈസ്ക്കൂള്‍ കൂടി ആരംഭിച്ചു. അതാണ് ഇപ്പോഴത്തെ ഗേള്‍സ് ഹൈസ്കൂള്‍. മണ്ണാറശാല നാഗരാജക്ഷേത്രത്തിന്റെ വകയായി അതിപുരാതനമായ ഒരു സ്കൂള്‍ നിലവിലുണ്ട്. അവിടെ ആയൂര്‍വ്വേദം, സംസ്കൃതം എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. അതാണ് പില്‍ക്കാലത്ത് യു.പി.സ്കൂള്‍ ആയി പരിണമിച്ചത്. ഇവ കൂടാതെ മൂന്ന് എല്‍.പി.സ്കൂള്‍ ഉണ്ട്. ഇതിലൊന്ന് പഞ്ചായത്തുവകയാണ്. പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ ഒരു ഗവണ്‍മെന്റ് ടെക്നിക്കല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 4-ാം വാര്‍ഡില്‍ സ്വകാര്യമേഖലില്‍ ഐ.റ്റി.സി.യും 1-ാം വാര്‍ഡില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ ഒരു വെല്‍ഫെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രി ഈ താലൂക്കിലുള്‍പ്പെട്ട വിവിധ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളുടെ ഏക ആശ്രയമാണ്. ആയൂര്‍വേദചികിത്സാരംഗത്ത് തികച്ചും സ്വകാര്യവ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ മാത്രമേ ഇപ്പോള്‍ പഞ്ചായത്തില്‍ നിലവിലുള്ളു.

സാംസ്കാരികരംഗം

കേരളകാളിദാസന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കേരളവര്‍മ്മ വലിയകോയിതമ്പുരാനെ രാജകോപത്താല്‍ ശിക്ഷിക്കപ്പെട്ട് തടങ്കലില്‍ കിടക്കുമ്പോളാണ് തമ്പുരാന്‍ അവിടെ നിന്നും പ്രാണപ്രേയസിക്ക് മയൂരം വഴി സന്ദേശം അയച്ചതും അത് മയൂരസന്ദേശമെന്ന കാവ്യമായതും ചരിത്രമാണ്. ഈ കൊച്ചുഗ്രാമമായ ഹരിപ്പാട്ടെ ഠാണാവില്‍ ആയിരുന്നു അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. തെക്കന്‍പളനി എന്ന് ആരാധകര്‍ വാഴ്ത്തുന്ന ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തിരുആറാട്ടും അതിനു മുമ്പ് ദശദിനങ്ങളില്‍ നടക്കുന്ന ദേശീയോത്സവവും ഈ നാടിന്റെ സാംസ്ക്കാരികോല്‍സവം തന്നെയാണ്. വളരെയേറെ പ്രസിദ്ധമായ മണ്ണാറശാല നാഗരാജാക്ഷേത്രം ഇവിടെയാണ്. ഒരു കാലഘട്ടത്തില്‍ വളരെയേറെ പ്രൌഢിയോടെ പ്രവര്‍ത്തിച്ചിരുന്ന ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം ഇന്ന് ക്ഷയോന്മുഖമാണ്. ജാതിവൈരവും തൊട്ടുകൂടായ്മയും ഭ്രഷ്ടും നിലനിന്നിരുന്ന കാലത്ത് ആദ്യം പന്തിഭോജനം നടത്തിയ വേദിയായിരുന്നു ഇവിടം. ഹരിപ്പാട്ടെ പ്രശസ്മായ കേരളവര്‍മ്മ സ്മാരക കാര്‍ത്തികപ്പള്ളി താലൂക്കു സെന്‍ട്രല്‍ ലൈബ്രറി കാലത്തിന്റെ ജീര്‍ണ്ണതകളെ അതിജീവിച്ചു തലയുയര്‍ത്തി നില്ക്കുന്നു. മുക്കാല്‍ നൂറ്റാണ്ടു പഴക്കമുള്ള ഈ സ്ഥാപനം മുനിസിപ്പാലിറ്റിയിലെ ഏക ഗ്രന്ഥശാലയാണ്. ഹരിപ്പാട് കേന്ദ്രീകരിച്ച് ഇപ്പോള്‍ നിരവധി പ്രൊഫഷണല്‍ കലാസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നവദര്‍ശന, ദര്‍ശന കേരള നൃത്തകലാക്ഷേത്രം, സുദര്‍ശന നൃത്തകലാനിലയം തുടങ്ങിയ സമിതികള്‍ അക്കൂട്ടത്തില്‍പ്പെടുന്നു.