ആമുഖം

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍  ഉള്‍പ്പെടുന്നതാണ് ഹരിപ്പാട് മുനിസിപ്പാലിറ്റി. 9.56 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ മുനിസിപ്പാലിറ്റിയുടെ വടക്കുഭാഗത്ത് ചെറുതന വീയപുരം പഞ്ചായത്തും, തെക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി പഞ്ചായത്തും, കിഴക്കുഭാഗത്ത് പള്ളിപ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമാരപുരം പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഹരിപ്പാട് മുനിസിപ്പാലിറ്റിയില്‍ 29 വാര്‍ഡുകളാണുള്ളത്. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ  ഭരണസിരാകേന്ദ്രമാണ് ഹരിപ്പാട്. താലൂക്കാഫീസ്, മുന്‍സിഫ് കോടതി, മജിസ്ട്രേട്ടുകോടതി, ട്രഷറി, പോലീസ് സ്റ്റേഷന്‍, പോസ്റ്റോഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ പണ്ടുമുതല്‍ തന്നെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ ഇവിടെ നിലകൊണ്ടിരുന്നു. ഹരിതഗീതപുരമെന്നും അരിപ്പാടെന്നും ഈ സ്ഥലത്തിന് പേരുകളുണ്ട്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഒരു കൃതിയില്‍ പാഹിഹരിഗീത പത്തനപതേയെന്നും അദ്ദേഹം തന്നെ മയൂരസന്ദേശത്തില്‍ അരിപ്പാട് വാണോരുകാലം എന്നും പറയുമ്പോള്‍ സ്വാതിരിരുനാള്‍ മഹാരാജാവ് ഹരിഗീത പുതലദീപ! എന്ന് കാര്‍ത്തികേയനെ സംബോധന ചെയ്യുന്നതും ഹരിപ്പാട് എന്ന സ്ഥലനാമത്തിന്റെ പഴക്കവും പ്രാധാന്യവും വിളിച്ചറിയിക്കുന്നു. കുട്ടനാടന്‍ വയലേലകളോടുചേര്‍ന്ന് പുഞ്ചനെല്‍പ്പാടങ്ങളെക്കൊണ്ടും ഇരിപ്പൂനിലങ്ങളെക്കൊണ്ടും സമൃദ്ധമായ (നെല്ല്) ഈ പ്രദേശം രാജഭരണകാലത്ത് ധാന്യ ശേഖരണത്തിന്റെ കലവറ തന്നെ ആയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് വേണ്ട അരി ഇവിടെനിന്നും നല്‍കിയിരുന്നു. കിഴക്ക് നെല്‍പ്പുരകടവും കൂറ്റന്‍ നെല്ലറകളും പടിഞ്ഞാറ് ഠാണാവ്പടിയും (ഇന്ന് ഡാണാപ്പടി) എല്ലാം ഇതിലേക്ക് വെളിച്ചം വീശുന്നു. അങ്ങനെ രാജ്യത്തിനാവശ്യമായ അരിയില്‍ നല്ലൊരുപങ്കും സംഭരിക്കുന്ന സ്ഥലമെന്ന നിലയില്‍ അരിപ്പാടെന്ന് നാമകരണം ചെയ്യപ്പെട്ടതായി ഒരു പക്ഷം. എന്നാല്‍ ഹരിതഗീതപുരമെന്നതിന്റെ മലയാള പ്രയോഗമാണ് ഹരിപ്പാട് എന്നുള്ള പക്ഷവും നിഷേധിക്കാവുന്നതല്ല.