രാജ്യത്തിനാവശ്യമായ അരിയില്‍ നല്ലൊരു പങ്കും സംഭരിക്കുന്ന സ്ഥലമെന്ന നിലയില്‍ അരിപ്പാട് എന്ന പേരുണ്ടായെന്നും അതല്ലാ, ഹരിഗീതപുരമെന്നതിന്റെ മലയാള പ്രയോഗമാണ് ഹരിപ്പാട് എന്നുള്ള പക്ഷവും നിലവിലുണ്ട്. ഒരു വര്‍ഷം കൊടിയേറി മൂന്ന് ഉത്സവങ്ങള്‍ നടക്കുന്ന രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹരിപ്പാട് ശ്രീ.സുബ്രഹ്മണ്യക്ഷേത്രം. ഭാരതത്തിലെ നാഗാരാധന കേന്ദ്രങ്ങളില്‍ പ്രശസ്തമായ മണ്ണാറശ്ശാല ക്ഷേത്രവുമുള്‍പ്പടെ ഹരിപ്പാട് വിവിധ മതസ്ഥരുടെ 25-ല്‍പ്പരം ആരാധനാലയങ്ങളുണ്ട്. കായംകുളം കായലില്‍ ഇന്ന് കണ്ടല്ലൂര്‍ എന്നറയിപ്പെടുന്ന സ്ഥലത്ത് നിന്നും വള്ളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവരപ്പെട്ട സൂബ്രഹ്മണ്യ വിഗ്രഹത്തിന്റെ ആഘോഷ യാത്രകളുടെ സ്മരണ പുതുക്കുന്ന ജലോത്സവമാണ് വിദേശികളെത്തന്നെ ആകര്‍ഷിക്കുന്ന പായിപ്പാട് ജലോത്സവം. വിഗ്രഹം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഹരിപ്പാടിന്റെ കിക്കേ അതിര്‍ത്തിയിലുള്ള നെല്‍പ്പുര കടവില്‍ വന്ന് അരനാഴിക നേരം വിശ്രമിച്ചതിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് ഇവിടെ അരനാഴിക ക്ഷേത്രം എന്ന പേരില്‍ ഒരു ആരാധനാലയമുണ്ട്. ചെറുതോടുകളും വയലുകളും പാലങ്ങളും പുഴകളും സസ്യവിളകളും നാണ്യവിളകളും കാവുകളും കുളങ്ങളും നാഷണല്‍ ഹൈവേകളും പൂഴിമണല്‍ വീഥികളും ഈ നാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. 64 കലകളിലും പുകള്‍പ്പെറ്റ കലാകാന്മാരുടെ ചരിത്ര പാരമ്പര്യം ഈ ഈ നാടിനെ ധന്യമാക്കുന്നു. കലാകേരളത്തിന് ഹരിപ്പാടിന്റെ സംഭാവന വളരെ വലുതാണ്. സംഗീത ചക്രവര്‍ക്കി സ്വാതിതിരുനാളിന്റെ ഗുരു ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള വാര്യരും വന്‍ ശിഷ്യ സമ്പത്തിന്റെ ഉറവിടമായ രാമന്‍കുട്ടി ഭാഗവതരും, മലബാര്‍ ഗോപാലന് നായരും സംഗീത വിദുഷി കമലാക്ഷിയമ്മയും ഹരിപ്പാട് ഗോപിനാഥും 18 ല്‍ പരം ഭാഷകളില്‍ പാണ്ഡ്യത്യം ഉണ്ടായിരുന്ന ശേഷാദ്രി അയ്യരും, ഹരികഥയില്‍ നിന്നും കഥാപ്രസംഗ കലയെ വാര്‍ത്തെടുത്ത കെ.ആര് ഹരിപ്പാടും ഒക്കെ തന്നെ ഹരിപ്പാടിനെ ലോകത്തിന് മുന്നില്‍ പ്രശസ്തരാക്കിയവരായിരുന്നു. ഇന്നും കലാസാംസ്ക്കാരിക രംഗത്ത് സമുന്നതരുടെ സാന്നിദ്യം കെണ്ട് ഹരിപ്പാട് മുന്‍നിരയില്‍ വിരാചിക്കുന്നു. പണ്ട് കാലത്ത് ജനസംഖ്യയില്‍ നല്ലൊരു പങ്കും ബ്രാഹ്മണരും അമ്പലവാസി വിഭാഗങ്ങളും മറ്റ് ഇതര ഹിന്ദു വിഭാഗങ്ങളും ആയിരുന്നു. രാജഭരണകാലത്ത് ബ്രാഹ്മണ സദ്യയ്ക്കായി ഹരിപ്പാട് ക്ഷത്രത്തില്‍ പണികഴിക്കപ്പെട്ട ഊട്ടുപുരയും മാളികയും അതിന് ദൃഷ്ടാന്തമായി ഇന്നും നിലനില്ക്കുന്നു. കേരളത്തെ ഒരുകാലത്ത് ഗ്രസിച്ചിരുന്ന ഐത്യത്തില് നിന്നും ഇവിടവും മുക്തമായിരുന്നില്ല. എന്നാല്‍ ഐത്യം കൊടികുത്തി വാഴുമ്പോഴും അതിനെതിരെ പ്രവര്‍ത്തിച്ച മാധവന് വക്കീലിനെ പോലുള്ള ഉല്പതിഷ്ണുക്കള് ഇവിടെ ഉണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രത്തിന് പടിഞ്ഞാറെ നടയില്‍ ബ്രഹ്മണ സമൂഹത്തിന് മഠം വകയായി ഷണ്മുഖവിലാസം ഹൈസ്ക്കൂള് നടത്തി വന്നിരുന്നു. വിദ്യാലയം ക്ഷേത്ര സങ്കേതത്തിലാകയാല് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഹരിപ്പാട് ഗവ.ഹൈസ് സ്ക്കൂള്(ബി.എച്ച്.എസ്സ്) സ്ഥാപിച്ചതോടെയാണ് ഈ ദുസ്ഥിതിയ്ക്ക് പരിഹാരമുണ്ടായത്. മണ്ണാറശ്ശാല സംസ്കൃതം സ്കൂള്‍ ആയുര്‍വേദ കോളേജ് ഇവയെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചിരുന്നു. കൊട്ടാരങ്ങളും കോവിലുകളും കൊണ്ട് അലംകൃതമാണ് ഈ പ്രദേശം.
2015 ലാണ് കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമായ ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തപ്പെട്ടത്. 19.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരസഭയുടെ വടക്ക് ചെറുതന, വീയപുരം ഗ്രാമ പഞ്ചായത്തുകള്‍, കിഴക്ക് പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് തെക്ക് ചിങ്ങോലി, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കുമാരപുരം ഗ്രാമ പഞ്ചായത്ത് എന്നിവ അതിര്‍ത്തി പങ്കിടുന്നു. കേരളത്തിലെ അതിപ്രധാനമായ സുബ്രഹ്മണ്യ ക്ഷേത്രവും പ്രശസ്തമായിട്ടുള്ള നാഗരാജ ക്ഷേത്രമായ മണ്ണാറിയ ശാല എന്ന മണ്ണാറശ്ശാലയും പായിപ്പാട് ജലോത്സവത്തിന്റെ കവാടകേന്ദ്രമായ നെല്പ്പുരക്കടവും വിളക്കുമരവുമെല്ലാം ഹരിപ്പാട് നഗരത്തിന്റെ ഗതകാല പ്രൗഡിയിലേയ്ക്ക് വെളിച്ചം വീശുന്നു. മയൂരസന്ദേശത്തിന്റെ നാട് കൂടിയായ ഹരിപ്പാടിനെ ഹരിഗീതപുരം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. കര്‍ഷകരും കര്ഷകതൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടുന്ന പ്രദേശമാണ് ഹരിപ്പാട് നഗരസഭ. 97.02% സാക്ഷരതയുള്ള നഗരത്തിന്റെ ആകെ ജനസംഖ്യ 30977 ആണ്.